District News
കാക്കനാട്: നന്മനിറഞ്ഞ തലമുറയെ വാർത്തെടുക്കാനും ലഹരിഎന്ന മഹാവിപത്തിനെതിരെ പോരാടാനും സമൂഹം ഒന്നടങ്കം മുന്നോട്ടുവരണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സിഡ്നി മോണ്ടിസോറി സ്കൂളിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി ഫ്യൂച്ചർ ക്ളേവ് 2 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമാ തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷിയാസ് എംഎൽഎ, തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപള്ളി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. സതീഷ്, ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണർ എൻ എസ് ദേവ്, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ, കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോക്ടർ വർഗീസ് പി. പുന്നൂസ്, സിഡ്നി മോണ്ടിസോറി സ്കൂൾ ചെയർപേഴ്സൺ ജാസ്മിൻ കെ. മാത്യു, മാനേജിംഗ് ഡയറക്ടർ ജെ. ജോസഫ് എന്നിവർ പങ്കെടുത്തു.
District News
പാലാ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പാലാ രൂപതയുടെ സാന്തോം ഫുഡ് ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്ന പാലനോവ ഫുഡ്സ് ഉത്പന്നങ്ങള്‍ സമ്മാനിച്ചു.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ തൂഫാന് വാരിയേഴ്സ് ബാഡ്ജ് അണിയിക്കുന്നതിന് ബിഷപ്സ് ഹൗസിലെത്തിയപ്പോഴാണ് പാലനോവ ഫുഡ്സും അഗ്രിമ ഉത്പന്നങ്ങളും ബിഷപ് മന്ത്രിക്ക് സമ്മാനിച്ചത്.
വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോസഫ് മുത്തനാട്ട്, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യു പുളിക്കപ്പറമ്പില്‍, അഗ്രിമ മാര്‍ക്കറ്റ് മാനേജര്‍ ടോണി കണിപറമ്പില്‍, പ്രോജക്ട് ഓഫീസര്‍ പി.വി. ജോര്‍ജ് പുരയിടം, പാലനോവ ഔട്ട്ലെറ്റ് മാനേജര്‍ ഷില്‍ജോ ഈറ്റയ്ക്കക്കുന്നേല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Kerala
പെരുമ്പാവൂര്‍: ലഹരിവിരുദ്ധ ജനകീയ കാമ്പയിനായ ‘ഓപ്പറേഷന് തൂഫാന്; ദ നാര്‍ക്കോ ഹണ്ട്’ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പെരുമ്പാവൂരില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നയിച്ച ജനജാഗരണ്‍ ലഹരിവിരുദ്ധ റാലിയില്‍ അണിനിരന്നത് ആയിരങ്ങള്‍.
ഓപ്പറേഷന് തൂഫാന് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സ്പെഷല്‍ ടാസ്ക് ഫോഴ്സ് ആരംഭിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് സംഘടിപ്പിച്ച തൂഫാന് ജാഗരണ്‍ ഉദ്ഘാടനം ചെയ്യുന്നതിനായാണ് ആഭ്യന്തരമന്ത്രി പെരുമ്പാവൂരിലെത്തിയത്.
പെരുമ്പാവൂര്‍ ബോയ്സ് സ്കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലിയില്‍ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് സംസ്ഥാന ഡിജിപി, ജനപ്രതിനിധികള്‍, സ്കൂള്‍വിദ്യാര്‍ഥികള്‍, സന്നദ്ധസംഘടനകള്‍, വ്യാപാരസംഘടനകളടക്കം ആയിരങ്ങളാണ് അണിനിരന്നത്.
റാലിക്കു മുന്നോടിയായി മന്ത്രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ആരംഭിച്ച റാലി മുനിസിപ്പല്‍ സ്റ്റേഡിയത്തിനു മുന്നില്‍ സമാപിച്ചു. ആഭ്യന്തരമന്ത്രി തൂഫാന് പതാക ഉയര്‍ത്തി. ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി തൂഫാന് ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിട്ടു.
ഫാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ വ്യാപാര- വ്യവസായ മേഖലയിലെ പ്രതിനിധികളുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ഇതരസംസ്ഥാന തൊഴിലാളികൾ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന പെരുമ്പാവൂരില്‍ രമേശ് ചെന്നിത്തല നയിച്ച പടുകൂറ്റന്‍ റാലി അക്ഷരാര്‍ഥത്തില്‍ നഗരത്തെ നിശ്ചലമാക്കി. നഗരത്തിലൂടെ കടന്നു പോകേണ്ട വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കായി പോലീസ് നേരത്തേതന്നെ വേണ്ട ഒരുക്കങ്ങള്‍ ക്രമീകരിച്ചിരുന്നു.
റാലിയിലെ ജനപങ്കാളിത്തം സംസ്ഥാനത്തു തൂഫാന് അനിവാര്യമാണ് എന്നതിന്റെ തെളിവാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തുറന്ന ജീപ്പില്‍ ആഭ്യന്തരമന്ത്രി റോഡിന് ഇരുവശവും നിന്നവരെ അഭിവാദ്യം ചെയ്ത് കടന്നുപോയി. നൂറുകണക്കിന് ആളുകളാണ് ജനജാഗരണ്‍ റാലി കാണുന്നതിനു മാത്രമായി പെരുമ്പാവൂരില്‍ എത്തിച്ചേര്‍ന്നത്.
Kerala
ആലപ്പുഴ: തന്ത്രി കണ്ഠര് രാജീവർക്കും താഴമൺ മഠത്തിനുമെതിരെ സോഷ്യൽ മീഡിയായിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. മധുമണിമല എന്ന വ്യക്തിക്ക് എതിരെയാണ് ഗുരുതരമായ ആരോപണങ്ങളോടെ തന്ത്രി കണ്ഠര് രാജീവരുടെ ഭാര്യ ബിന്ദു രാജീവ് പരാതി സമർപ്പിച്ചിരിക്കുന്നത്.
നിരന്തരം അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച് കുടുംബത്തെയും മഠത്തെയും ജനമധ്യത്തിൽ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്നാണ് പ്രധാന ആക്ഷേപം. രമേശ് ചെന്നിത്തലയ്ക്ക് നേരിട്ട് കൈമാറിയ പരാതിക്കൊപ്പം സൈബർ ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയായിലൂടെ തങ്ങൾക്കെതിരെ നടന്ന വ്യാജ പ്രചാരണങ്ങളുടെ സ്ക്രീൻഷോട്ടുകളും ദൃശ്യങ്ങളും അടങ്ങിയ പെൻഡ്രൈവാണ് പരാതിയോടൊപ്പം നൽകിയത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
Kerala
കൊച്ചി: പന്ത്രണ്ടു വര്‍ഷം മുമ്പ് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെ കാണാന്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ഒരമ്മ എത്തി. എറണാകുളം വൈപ്പിന്‍ സ്വദേശിനിയായ മിനി ആന്റണിക്ക് പറയാനുണ്ടായിരുന്നത് ആ ഗ്രാമത്തെ ലക്ഷ്യമിട്ട് നടക്കുന്ന ലഹരി സംഘങ്ങളെക്കുറിച്ചായിരുന്നു. അറിഞ്ഞും അറിയാതെയും ലഹരിയില്‍പ്പെട്ടു പോകുന്ന കുരുന്നുകള്‍....
കുട്ടികളെ കുരുക്കാന്‍ നടക്കുന്ന ആ മാഫിയാ സംഘത്തെ നാട്ടില്‍ നിന്ന് തുരത്തണമെന്ന അഭ്യര്‍ഥനയായിരുന്നു മിനിക്കുണ്ടായിരുന്നത്. ആ അമ്മയുടെ കണ്ണുനീര് കണ്ട മന്ത്രി രമേശ് ചെന്നിത്തല അന്നത്തെ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യത്തെ വിവരം അറിയിച്ചു. ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ ഉണര്‍ന്നു. വൈപ്പിന്കരയിലെ ആ ലഹരിസംഘത്തിന്റെ വേര് എന്നന്നേക്കുമായി അറുത്തുമാറ്റി.
വര്‍ഷങ്ങള്‍ക്കിപ്പുറം എറണാകുളത്ത് നടന്ന തൂഫാന് പദ്ധതിയുടെ നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള പ്രചാരണ പരിപാടികളുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി രമേശ് ചെന്നിത്തലയ്ക്കു മുന്നില്‍ മിനി ആന്റണി എന്ന അമ്മ വീണ്ടുമെത്തി. ഒരു നന്ദി സൂചകമായിട്ടായിരുന്നു ആ വരവ്.
മന്ത്രി അവരെ സദസിനു പരിചയപ്പെടുത്തി. ഓപ്പറേഷന് തൂഫാന്റെ ആദ്യ പോരാളി മിനി ആന്റണി ആണെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. അവര്‍ പങ്കുവച്ച കാര്യങ്ങളായിരുന്നു കേരളത്തിലെ അമ്മമാരുടെ കണ്ണീര് തുടയ്ക്കാനുള്ള ഓ്പ്പറേഷന്‍ തൂഫാനായി ആഞ്ഞടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Kerala
ആലപ്പുഴ: ഓൺലൈൻ ഫുഡ് ഡെലിവറി സംവിധാനങ്ങളുടെയും ആംബുലൻസുകളുടെയും മറവിൽ നടക്കുന്ന ലഹരി വിൽപ്പനയ്ക്കെതിരെ കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ നടക്കുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ലഹരിക്കടത്തുകാർക്കെതിരെ മന്ത്രി ശക്തമായ നിലപാട് പ്രഖ്യാപിച്ചത്.
സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്പുകളുടെ ജീവനക്കാരുടെ മറവിൽ ലഹരി മരുന്നുകൾ കടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉടനടി നിർത്തണമെന്നും അല്ലാത്തപക്ഷം കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മന്ത്രി ഓർമിപ്പിച്ചു.
രോഗികളുമായി പോകുന്ന ആംബുലൻസുകൾ ലഹരി കടത്താൻ ഉപയോഗിക്കുന്നു എന്ന ആക്ഷേപത്തെത്തുടർന്ന്, ആംബുലൻസുകളെയും ഇനി മുതൽ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കും. 'ഓപ്പറേഷൻ തൂഫാൻ' വഴി പിടിക്കപ്പെടുന്ന കേസുകളിൽ യാതൊരുവിധ രാഷ്ട്രീയ-ബാഹ്യ ശിപാർശകളും സ്വീകരിക്കരുതെന്ന് ആഭ്യന്തര മന്ത്രി പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ലഹരിമുക്ത കേരളത്തിനായി പരിശോധനകൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
Kerala
തിരുവനന്തപുരം: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പെരുമ്പാവൂരില്‍ നേരിട്ടെത്തും. ബോധവത്കരണത്തിന്റെ ഭാഗമായി ജൂൺ 15നാണ് മന്ത്രി പെരുന്പാവൂരെത്തുക.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മാരക ലഹരിവസ്തുക്കളുമായി പതിനൊന്ന് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായിരുന്നു. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് പെരുമ്പാവൂരിലെ വിവിധ കേന്ദ്രങ്ങളിൽ മിന്നൽ റെയ്ഡ് നടത്തിയത്.
പരിശോധനകൾക്കായി പ്രത്യേകം പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിന്റെ സേവനവും പോലീസ് പ്രയോജനപ്പെടുത്തി. പെരുമ്പാവൂർ എഎസ്പി ഹാർദ്ദിക് മീണയാണ് റെയ്ഡിന് നേരിട്ട് നേതൃത്വം നൽകിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും വർദ്ധിച്ചുവരുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Kerala
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ച നടപടി തിരിച്ചടിയായി കാണുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോടതി ഉത്തരവ് പൂർണ്ണമായി പരിശോധിച്ച ശേഷം അപ്പീൽ പോകണമെങ്കിൽ പോകുമെന്നും, ഇതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലുമായും ഡി.ജി.പിയുമായും ആലോചിച്ച് തുടർ തീരുമാനമെടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. സമാനതകളില്ലാത്ത അക്രമമാണ് അന്ന് നടന്നതെന്നും അത് കൃത്യമായി അന്വേഷിക്കാൻ തീരുമാനിച്ചത് ഈ സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിലെ പ്രതികളായ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കും ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, പോലീസുകാരായ സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ 2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്ന ഗൺമാൻമാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും, മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള 'രക്ഷാപ്രവർത്തനം' മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്ന് പറഞ്ഞ് അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇവരെ ന്യായീകരിച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. അന്ന് പോലീസ് കേസെടുക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് മർദനമേറ്റ പ്രവർത്തകർ കോടതിയെ സമീപിക്കുകയും, കോടതി നിർദേശപ്രകാരം പിന്നീട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുകയുമായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ സംവിധാനത്തിലെ പരിഷ്കാരം സമയബന്ധിതമായി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
എസ്എച്ച്ഒ സംവിധാനം പുനഃപരിശോധിക്കാനായി സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു. റിപ്പോർട്ട് ലഭിച്ച ശേഷം ഡിജിപിയുടെ ശിപാർശ കൂടി പരിഗണിച്ച് അന്തിമ തീരുമാനം വേഗത്തിൽ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
District News
കണ്ണൂർ: വീണാ ജോർജ് മന്ത്രിയായിരിക്കെ ആക്രമിച്ചെന്ന വ്യാജ പരാതി നൽകി അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരെ കള്ളക്കേസെടുത്ത സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ച് പുനരന്വേഷണം നടത്തണമെന്ന് ടി.ഒ. മോഹനൻ എംഎൽഎ.
ഇക്കാര്യം ആവശ്യപ്പെട്ട് എംഎൽഎ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി. അനുഭാവ പൂർണമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെന്ന് ടി.ഒ.മോഹനൻ എംഎൽഎ പറഞ്ഞു.
Kerala
കോട്ടയം: മൂന്നുദിവസം പഴകിയ മൃതദേഹം കരയ്ക്കെടുക്കാൻ യൂണിഫോം ഊരി തോട്ടിലിറങ്ങിയ വാകത്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രീതീഷ് പ്രസാദിനെ അഭിനന്ദിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വീഡിയോ കോളിലൂടെയാണ് മന്ത്രി പ്രീതീഷുമായി സംസാരിച്ചത്.
നിങ്ങൾ ചെയ്തത് നല്ല കാര്യമാണെന്നും കേരള പോലീസിന് നിങ്ങൾ അഭിമാനമാണെന്നും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ബഹുമതി നൽകുന്ന കാര്യത്തെക്കുറിച്ച് എസ്പിയുമായി സംസാരിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം വീട്ടിൽനിന്ന് കാണാതായ വാകത്താനം ചക്കിട്ടാംപറമ്പിൽ അമൽ വർഗീസിന്റെ മൃതദേഹമാണ് പ്രീതിഷ് കരയ്ക്കെടുത്തത്. 27-ന് പുലർച്ചെ വീട്ടിൽനിന്ന് കാണാതായ അമലിനെ മരിച്ചനിലയിൽ വെള്ളിയാഴ്ച വൈകീട്ട് വാകത്താനം പുളിച്ചാക്കൽ പാലത്തിന് താഴെ കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് വാകത്താനം പോലീസും അഗ്നിരക്ഷാസേനയും എത്തി. ആഴക്കൂടുതലുള്ള തോട്ടിൽനിന്ന് മൃതദേഹം കരയ്ക്കെത്തിക്കാൻ സ്കൂബാ ടീംതന്നെ വേണമെന്ന അഭിപ്രായം ഉയർന്നു. സമയം കൂടുതൽ വൈകിയാൽ ഇൻക്വസ്റ്റ് നടപടികളും വൈകുമായിരുന്നു.
താമസിയാതെ, പ്രീതീഷ് തോട്ടിലൂടെ നീന്തിച്ചെന്ന് മൃതദേഹം കരയ്ക്കടുപ്പിച്ചു. സംഭവത്തിന്റെ വാർത്തയും വീഡിയോയും പ്രചരിച്ചതോടെ കോട്ടയം മള്ളൂശേരി സ്വദേശിയായ പ്രീതീഷിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയായിരുന്നു.
Movies
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകളുടെയും വീടുകളിലെ ഇ.ഡി പരിശോധനക്ക് പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നേരെ വിമർശനങ്ങളുയർന്നിരുന്നു. എന്നാൽ രമേശ് ചെന്നിത്തല ആയിരുന്നു ശരിയെന്നും
ബുദ്ധിശൂന്യരെ ബുദ്ധി കൊണ്ട് കീഴ്പ്പെടുത്തുന്നതിനെയാണ് വിവേകം എന്ന് പറയുന്നതെന്നും നടൻ ജോയ് മാത്യു കുറിച്ചു.
കേരളത്തെ കലാപഭൂമിയാക്കാൻ ഇവർ നടത്തിയ ഗൂഢാലോചനയാണ് ഇതുമൂലം പൊളിഞ്ഞതെന്നും താരം വ്യക്താക്കുന്നു.
‘‘ആഭ്യന്തരവിവേകങ്ങൾ: കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇ.ഡി വീണ തൈക്കണ്ടി എന്ന യുവസംരഭകയുടെ വീട്ടിൽ റെയ്ഡിന് വന്നപ്പോൾ കിട്ടിയ അവസരം മുതലാക്കാൻ വീണയുടെ പിതാവിന്റെ പാർട്ടിനേതാക്കൾ തങ്ങളുടെ അണികളെ ഇളക്കിവിടാൻ നോക്കി.
മാനവിക സ്നേഹം മുഖമുദ്രയാക്കിയ പതിനാറോളം വിപ്ലവകാരികൾ ഉദ്യോഗസ്ഥരേയും അവർ സഞ്ചരിച്ച വാഹനവും അതോടിച്ചിരുന്ന ഡ്രൈവറെയും തൊഴിലാളി വർഗ സ്നേഹത്താൽ തല്ലിപൊളിക്കുമ്പോൾ കേരള പോലീസ് കൈയും കെട്ടി നോക്കി നിന്നതിനെ ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ച എന്ന നിലയിലാണ് പലരും കണ്ടത്.
എന്നാൽ ആഭ്യന്തര മന്ത്രിയുടെ കാഞ്ഞ ബുദ്ധി ആർക്കും മനസിലായില്ല. പോലീസ് സേന ഏതെങ്കിലും രീതിയിൽ പ്രതികരിച്ചാൽ അവസരം കാത്തുനിൽക്കുന്ന പ്രതിപക്ഷ ഗുണ്ടകൾ കാട്ടിക്കൂട്ടുന്ന അക്രമങ്ങൾ, കാലഹരണപ്പെട്ട ബന്ത്, ഹർത്താൽ എന്നിവകൾ തിരിച്ചു വരുന്നതും അതുമൂലം പൊതുജനങ്ങൾക്ക് സംഭവിക്കാവുന്ന കഷ്ട നഷ്ടങ്ങളും ആഭ്യന്തര മന്ത്രി മുൻകൂട്ടി കണ്ടിരിക്കണം. മാത്രവുമല്ല അക്രമത്തിൽ ആരെങ്കിലും പരലോകം പൂകിയാൽ രാഷ്ട്രപതിയെക്കൊണ്ട് ഇവിടെ ഇടപെടീക്കാനും കേന്ദ്രം മടിക്കില്ല. (അതായിരുന്നല്ലോ ഐഡിയ )
അതിനാൽ നമ്മുടെ പോലീസ് മന്ത്രി പന്ത് മെല്ലെ ഉരുട്ടി കേന്ദ്രസേനയുടെ കോർട്ടിലെത്തിച്ചു. അതുകൊണ്ടെന്തായി ? വിപ്ലവകാരികൾക്ക് തീഹാർ കാണുവാനും കുന്തിരിക്കം കത്തിച്ചോളാൻ പറഞ്ഞ കൂട്ടുകാരെ കണ്ടു സൊറപറഞ് ശിഷ്ടകാലം ജോളിയാക്കാം, അക്രമികളിൽ നിന്നും കേരള ജനതയെ രക്ഷിച്ച നമ്മുടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഒരു സല്യൂട്ട്. ബുദ്ധിശൂന്യരെ ബുദ്ധി കൊണ്ട് കീഴ്പ്പെടുത്തുന്നതിനെയാണ് വിവേകം എന്ന് പറയുന്നത്.’ ജോയ് മാത്യുവിന്റെ വാക്കുകൾ ഇങ്ങനെ.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി ഡിജിപി റവാഡ ചന്ദ്രശേഖര്‍.
സിപിഎം കലാപശ്രമം നടത്തിയെന്നും കലാപം ഒഴിവാക്കാനായത് പോലീസ് സംയമനം പാലിച്ചതോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് പാര്‍ട്ടി ഓഫീസില്‍ കയറാതിരുന്നത് കലാപം ഒഴിവാക്കാനാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംഭവത്തില്‍ ഡിജിപി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നൽകിയിരുന്നു. ഇന്റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ബുധനാഴ്ചയുണ്ടായ പോലീസ് വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായെന്ന വിലയിരുത്തലിനു പിന്നാലെ, ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരിട്ട് കാണാൻ ഡിജിപി എത്തിയത്.
ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ കേന്ദ്ര സർക്കാരും ഗവർണറും ആഭ്യന്തര വകുപ്പിനോടു വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡി റെയ്ഡുമായി ബന്ധപ്പെട്ട യാതൊരു വിവരവും ആഭ്യന്തരവകുപ്പിന് ലഭിച്ചില്ല. ഒന്നും അറിഞ്ഞിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ഡൽഹി യാത്രയുമായി റെയ്ഡിന് ബന്ധമില്ല. മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ സന്ദർശനം നടത്തേണ്ടത് നാടിന്റെ ആവശ്യകതയല്ലേ. അത് ഇതുമായി കൂട്ടി കുഴക്കേണ്ട. ഇഡി പൊലീസ് സഹായം തേടിയിട്ടില്ല. സിപിഎം ഇപ്പോൾ പറയുന്നത് സ്ഥിരം പല്ലവി. കോൺഗ്രസ് എന്താണെന്നും സിപിഎം എന്താണെന്നും ബിജെപി എന്താണെന്നും എല്ലാവർക്കും അറിയാം. അത്തരം പ്രചാരണങ്ങൾ കടന്നുകൈ.
കൂട്ടുകെട്ടിൽ ആയിരുന്നവർക്ക് ഇപ്പോൾ എന്താണ് സംഭവിച്ചത്. ഞാനെന്റെ കാര്യം നേരത്തെ വിശദീകരിച്ചതാണ്. ഏത് അന്വേഷണത്തിനും താൻ എതിരല്ല. ഈ അന്വേഷണത്തെക്കുറിച്ച് ആഭ്യന്തര സെക്രട്ടറിയോടും ഡിജിപിയോടും അന്വേഷിച്ചു,അവർ അറിഞ്ഞിട്ടില്ല എന്നാണ് പറയുന്നതെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തെ അഴിമതി മുക്തമാക്കാൻ ‘പ്രോജക്ട് സീറോ' എന്ന പേരിൽ വിപുലമായ പദ്ധതി ആവിഷ്കരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിലൂടെ അഴിമതി നടക്കുന്ന ദൃശ്യങ്ങൾ പകർത്തി നൽകുന്ന പൊതുജനങ്ങൾക്ക് 5,000 രൂപയുടെ സമ്മാനവും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ലഹരിക്കെതിരെ ‘ഓപ്പറേഷന് തൂഫാന്- ദ നാർക്കോ ഹണ്ട്' പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പദ്ധതി. വിജിൻസ് ആസ്ഥാനത്തെ യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഓഫീസുകളിലേതുൾപ്പെടെ അഴിമതി പൂർണമായും ഇല്ലാതാക്കുന്നതിനുള്ള സമഗ്ര കർമ്മപദ്ധതിയായാണ് ‘പ്രോജക്ട് സീറോ’. സർക്കാർ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന സംഭവങ്ങൾ പൊതുജനങ്ങൾക്ക് വീഡിയോ തെളിവുകളായി വിജിലൻസിന്റെ ഔദ്യോഗിക പോർട്ടലിൽ സമർപ്പിക്കാം. തെളിവുകൾ പരിശോധിച്ച് ശരിവച്ചാൽ പരാതിക്കാരന് 5,000 രൂപ പാരിതോഷികമായി നൽകും.
അപ്ലോഡ് ചെയ്യുന്ന വീഡിയോ തെളിവുകൾ വിജിലൻസ് അധികൃതർ കൃത്യമായി പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമായിരിക്കും സമ്മാനത്തുക കൈമാറുന്നത്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്തുവിടില്ല. വിജിലൻസ് നടത്തുന്ന മിന്നൽ പരിശോധനകൾ തുടരുമെന്നും മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ പരിപൂർണമായി അഴിമതിവിമുക്തമാക്കുന്നതിനായി പ്രോജക്ട് സീറോ പദ്ധതി ആവിഷ്കരിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എവിടെ അഴിമതി കണ്ടാലും പൊതുജനത്തിന് അറിയിക്കാൻ സംവിധാനം ഒരുക്കുമെന്നും കൈമടക്ക് കൊടുക്കാതെ സർക്കാർ ഓഫീസുകളിൽ നിന്നും സേവനങ്ങൾ പാവങ്ങൾക്ക് ലഭിക്കണമെന്ന് ഉറപ്പുവരുത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
കേരളത്തെ പരിപൂർണമായി അഴിമതിവിമുക്തമാക്കുകയാണ് പ്രോജക്ട് സീറോ പദ്ധതിയുടെ ലക്ഷ്യം. ഇത് ഒരു വിപ്ലവമായിരിക്കും. എവിടെ അഴിമതി കണ്ടാലും പൊതുജനത്തിന് അറിയിക്കാൻ സംവിധാനം ഒരുക്കും. വിവരം നൽക്കുന്നവരുടെ പേര് പുറത്തുവിടില്ല.
അഴിമതിക്കാരായ നേതാക്കളെയും ഉദ്യോഗസ്ഥരെയും വിജിലൻസ് നിരീക്ഷിക്കും. കൈമടക്ക് കൊടുക്കാതെ സർക്കാർ ഓഫീസുകളിൽ നിന്നും കാര്യങ്ങൾ പാവങ്ങൾക്ക് ലഭിക്കണം. അഴിമതി ഇല്ലാതാകണമെങ്കിൽ ജനങ്ങളുടെസഹകരണം വേണം. അതിന് കക്ഷി രാഷ്ട്രീയ വ്യത്യാസമില്ല. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അഴിമതി തടയും. ട്രാപ്പ് കേസുകൾ കൂട്ടും. വിജി മാന്യുവൽ പരിഷ്കരിക്കുമെന്നും ഡ്രാഫ്റ്റ് തയാറായെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷമുള്ള പോലീസ് ഉന്നതതല യോഗം പോലീസ് ആസ്ഥാനത്ത് തുടങ്ങി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് ഉന്നതതലയോഗം നടക്കുന്നത്.
10 വർഷത്തിനുശേഷമാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയിരിക്കുന്നത്. സർക്കാരിന്റെ പോലീസ് നയവും നിലപാടുകളും ആഭ്യന്തരമന്ത്രി ഇന്നത്തെ യോഗത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് വിവരിക്കും.
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എഡിജിപി. എച്ച് വെങ്കിടേഷ്, മറ്റു എഡിജിപിമാർ, റേഞ്ച് ഐജിമാർ, ഡിഐജിമാർ, ജില്ലാ പോലീസ് മേധാവിമാർ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ ജില്ലാ പോലീസ് മേധാവിമാരും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്തെ ക്രമസമാധാന പാലനവും മയക്കുമരുന്ന് മാഫിയ ഉൾപ്പെടെയുള്ള ശൃംഖലകളെ അമർച്ച ചെയ്യുന്നതിന് വേണ്ട നിർദേശങ്ങൾ യോഗത്തിൽ ഉണ്ടാകും. രമേശ് ചെന്നിത്തല കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ ഓപ്പറേഷൻ കുബേര വീണ്ടും സജീവമാക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും.
ഇന്നത്തെ യോഗത്തിന് ശേഷം ഏറെ വൈകാതെ എഡിജിപി മുതൽ ജില്ലാ പോലീസ് മേധാവി തലം വരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവും ഇറങ്ങും. ആഭ്യന്തരമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി മുൻ ഡിജിപി എ. ഹേമചന്ദ്രനെയാണ് നിയമിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സർക്കാരിന്റെ പോലീസ് നയം വ്യക്തമാക്കുന്നതിനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. പോലീസ് ആസ്ഥാനത്ത് രാവിലെ പത്തരയ്ക്ക് ചേരുന്ന യോഗത്തിൽ എസ്പിമാർ മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക.
ക്രമസമാധാനം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എന്നീ കാര്യങ്ങൾ ചർച്ചയാകും. ഡിജിപിയും ഇന്റലിജൻസ് എഡിജിപിയും നിലവിലെ ക്രമസമാധാന പ്രശ്നങ്ങളെ കുറിച്ച് റിപ്പോർട്ട് അവതരിപ്പിക്കും. അതിനുശേഷം മന്ത്രി രമേശ് ചെന്നിത്തല സർക്കാരിന്റെ പോലീസ് നയം അവതരിപ്പിക്കും.
100 ദിന കർമ്മ പരിപാടിയും ചർച്ച ചെയ്യും. ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് എ.ഹേമചന്ദ്രനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ജനകീയ പോലീസിന് ഊന്നൽ നൽകണമെന്നാണ് യുഡിഎഫ് നയം. സമരങ്ങളോട് അസഹിഷ്ണുത വേണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ രമേശ് ചെന്നിത്തലയും മന്ത്രിയാകും. അദ്ദേഹത്തിന് ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ ലഭിക്കുമെന്നാണ് സൂചന. ചെന്നിത്തലയുമായി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തീരുമാനം.
24 മണിക്കൂറിനിടെ രണ്ടു തവണയാണ് സതീശൻ ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയത്. അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ, ജ്യോതികുമാർ ചാമക്കാല എന്നിവരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ കാര്യത്തിൽ തീരുമാനമായില്ല.
സതീശൻ ധനമന്ത്രിസ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. മുഖ്യമന്ത്രി സ്ഥാനം സതീശന് നൽകിക്കൊണ്ട് ഹൈക്കമാൻഡിന്റെ അറിയിപ്പ് വന്നതോടെ ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന തരത്തിൽ അഭ്യൂഹങ്ങളുയർന്നിരുന്നു.
തുടർന്ന് കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം മന്ത്രിസഭയിലേക്ക് എത്തുന്നത്. അനുനയ നീക്കത്തിന്റെ ഭാഗമായി കെ.സി.വേണുഗോപാൽ ഇന്ന് ചെന്നിത്തലയെ സന്ദർശിച്ചിരുന്നു.
Kerala
ന്യൂഡൽഹി: തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ വിജയം ആഘോഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന പ്രഖ്യാപനം നിലനിൽക്കെയാണ് മോദിക്ക് മുന്നെ അമിത് ഷാ എത്തുന്നത്.
ഈ മാസം 11 നാണ് അമിത് ഷാ തിരുവനന്തപുരത്തെത്തുക. പ്രധാനമന്ത്രി തിരുവനന്തപുരം സന്ദർശിക്കുന്ന തീയതി അമിത് ഷാ ഔദ്യോഗികമായി പ്രഖ്യാപിക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയം നേടിയ ബിജെപി അംഗങ്ങളെയെല്ലാം കേന്ദ്ര ആഭ്യന്തരമന്ത്രി നേരിൽ കാണുകയും അഭിസംബോധന ചെയ്യുകയും ചെയ്യും.
തിരുവനന്തപുരത്ത് നടക്കുന്ന വിപുലമായ സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പുറമെ പാർട്ടി ഭാരവാഹികളും പങ്കെടുക്കും. കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിൽ നിർണായകമായ തദ്ദേശ വിജയത്തിന് പിന്നാലെ അമിത് ഷാ എത്തുന്നതിനെ ഏറെ ആവേശത്തോടെയാണ് പ്രവർത്തകർ കാണുന്നത്. അതുകൊണ്ടുതന്നെ ഷാ എത്തുന്ന പരിപാടി വലിയ ആഘോഷമാക്കി മാറ്റാനാണ് സംസ്ഥാന ഘടകത്തിന്റെ നീക്കം.
International
വാഷിംഗ്ടൺ ഡിസി: യുഎസ് ആഗോള ഭീകരരായി പ്രഖ്യാപിച്ചിരുന്ന സിറിയൻ പ്രസിഡന്റ് അഹ്മദ് അശറാ, ആഭ്യന്തര മന്ത്രി അനസ് ഖത്താബ് എന്നിവർക്കുമേൽ ചുമത്തിയിരുന്ന ഉപരോധം പിൻവലിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അടുത്തയാഴ്ച വൈറ്റ്ഹൗസിൽ അഹ്മദ് അശറായുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് ട്രംപിന്റെ നടപടി.
യുഎൻ രക്ഷാസമിതി വ്യാഴാഴ്ച ഇരുവരുടെയും ഉപരോധം പിൻവലിച്ചിരുന്നു. ഉപരോധം പിൻവലിക്കാനുള്ള പ്രമേയത്തെ 14 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ ചൈന വിട്ടുനിന്നു. നവംബർ 10 ന് വൈറ്റ്ഹൗസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഐഎസിനെതിരെ പോരാടുന്ന യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ സിറിയ ചേരുന്ന കരാറിൽ അഹ്മദ് അശറാ ഒപ്പുവയ്ക്കുമെന്നാണ് വിവരം.
സിറിയയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ യുഎസിന്റെ സീസർ ആക്ട് പിൻവലിക്കുന്നതുൾപ്പെടെ രാജ്യത്തിന്റെ പുനർനിർമാണത്തിനായി അദ്ദേഹം യുഎസിന്റെ പിന്തുണ തേടുമെന്നും റിപ്പോർട്ടുകളുണ്ട്.
National
ദർഭംഗ: ഇന്ത്യയെ ആക്രമിച്ചാൽ വെടിയുണ്ടകൾക്ക് പകരം പീരങ്കികളെ നേരിടേണ്ടിവരുമെന്ന് പാക് ഭീകരർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ താക്കീത്. ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദികൾ പഹൽഗാമിൽ നമ്മുടെ പൗരന്മാരെ ആക്രമിച്ചു. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും നെറ്റിയിൽനിന്ന് അവർ സിന്ദൂരം തുടച്ചുനീക്കി. 20 ദിവസത്തിനുള്ളിൽ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് പ്രതികാരം ചെയ്തു.
കോൺഗ്രസ് ഭരണത്തിൽനിന്ന് വ്യത്യസ്തമായി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎയ്ക്ക് ബീഹാറിനെ സർവതോന്മുഖമായ വികസനത്തിലേക്ക് നയിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.